
കോഴിക്കോട്: നഗ്നദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പലതവണ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ സ്വകാര്യ ബസിലെ ഡ്രൈവറെയും ക്ലീനറെയും പൊലീസ് അറസ്റ്റ് ചെയ്തു. അടിവാരം–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരായ രണ്ടുപേരാണ് പിടിയിലായത്. പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ സ്വദേശികളായ ബസ് ഡ്രൈവർ കെ.കെ. അനീഷ് (38), ക്ലീനർ പി.എസ്. സജിത്ത് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയാണ് പൊലീസിൽ പരാതി നൽകിയത്.
താമരശ്ശേരി കേന്ദ്രീകരിച്ചാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നതെന്നാണ് പരാതി.
കഴിഞ്ഞ ഏപ്രിലിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്ന് ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുന്നതിനിടെയാണ് പീഡനം ആരംഭിച്ചതെന്നാണ് യുവതിയുടെ മൊഴി. ബന്ധുവിന്റെ പരിചയക്കാരായ പ്രതികൾ റോഡരികിൽവച്ച് എന്തോ നൽകി മയക്കിയശേഷം കാറിൽ കയറ്റി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് ആരോപണം. ഇതിനിടെ യുവതിയുടെ നഗ്നചിത്രങ്ങളും വിഡിയോയും പകർത്തിയതായും പരാതിയിലുണ്ട്.
പിന്നീട് ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബസിൽ കയറ്റിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽവച്ച് പീഡിപ്പിച്ചെന്നാണ് മൊഴി. അടിവാരത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഒന്നാം വളവിന് സമീപത്തും ബസ് നിർത്തി ഷട്ടർ താഴ്ത്തിയശേഷം പല ദിവസങ്ങളിലായി പ്രതികൾ പീഡിപ്പിച്ചതായും യുവതി ആരോപിക്കുന്നു. അറസ്റ്റിലായ രണ്ടുപേർക്കു പുറമെ കണ്ടാലറിയാവുന്ന മറ്റു ചിലരും പീഡനത്തിൽ പങ്കെടുത്തതായും പരാതിയിൽ പറയുന്നു.
മാനസിക പീഡനം സഹിക്കാനാകാതെ വന്നതോടെയാണ് യുവതി ആദ്യം കൊടുവള്ളി പൊലീസിനെയും പിന്നീട് കാക്കൂർ പൊലീസിനെയും സമീപിച്ചത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. താമരശ്ശേരി ഡിവൈഎസ്പി കെ.എ. ബോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.










